Friday, October 12, 2012

സാഹിത്യ നൊബേല്‍ ചൈനീസ് നോവലിസ്റ്റ് മോ യാനിന്


സ്റ്റോക്ഹോം: ഈ വര്‍ഷത്തെ നൊബേല്‍ സാഹിത്യ പുരസ്കാരം ചൈനീസ് നോവലിസ്റ്റ് മോ യാനിന്. സാഹിത്യത്തിന് നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ ചൈനാ പൗരനാണ് മോ യാന്‍. ചൈനയുടെ നാടോടിഗാഥകളും ചരിത്രവും സമകാലീനസംഭവങ്ങളും ഭ്രമാത്മക യാഥാര്‍ഥ്യത്തിന്റെ നൂലിഴയില്‍ കോര്‍ത്തെടുത്തവയാണ് മോ യാനിന്റെ രചനകളെന്ന് സ്വീഡിഷ് അക്കാദമി സെക്രട്ടറി പീറ്റര്‍ ഇംഗ്ലുണ്ട് പറഞ്ഞു. ഡിസംബര്‍ 10ന് പുരസ്കാരം സമ്മാനിക്കും.

ചൈനയിലെ ഏറ്റവും ആദരിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായ മോ യാനിന്റെ (57) യഥാര്‍ഥ നാമം ഗുവാന്‍ മോയെ എന്നാണ്. "ചുവന്ന വീഞ്ഞ്", "വെളുത്തുള്ളിഗാഥകള്‍", "വീഞ്ഞിന്റെ റിപ്പബ്ലിക്", "വലിയ സ്തനങ്ങളും വിടര്‍ന്ന അരക്കെട്ടും", "ജീവിതവും മരണവും എന്നെ വിവശനാക്കുന്നു", "തവള" എന്നിവയാണ് പ്രധാനകൃതികള്‍. ചൈനീസ് സമൂഹത്തിന്റെ അവസ്ഥാന്തരങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യുന്നതാണ് അദ്ദേഹത്തിന്റെ നോവലുകള്‍. ചൈനയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ ഷാണ്‍ടോങ്ങിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച മോ യാന്‍ ചെറുപ്പത്തിലേ പഠനം ഉപേക്ഷിച്ച് ജനകീയ വിമോചനസേനയില്‍ ചേര്‍ന്നു. സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുമ്പോള്‍ത്തന്നെ എഴുത്തിലേക്ക് തിരിഞ്ഞു. 1981ല്‍ പുറത്തിറങ്ങിയ "വസന്തരാവില്‍ പെയ്ത മഴ" ആണ് ആദ്യ നോവല്‍. "വീഞ്ഞിന്റെ റിപ്പബ്ലിക്" എന്ന നോവല്‍ അദ്ദേഹത്തിന് ആഗോളപ്രശസ്തി നേടിക്കൊടുത്തു. "ചുവന്ന വീഞ്ഞ്" അവലംബിച്ച് 1987ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള സിനിമയ്ക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

കുട്ടിക്കാലംമുതലുള്ള കടുത്ത ഏകാന്തതയാണ് തന്റെ എഴുത്തിനെ പരിപോഷിപ്പിച്ചതെന്ന് മോ യാന്‍ പ്രതികരിച്ചു. മോ യാന്‍ എന്ന തൂലികാനാമത്തിന് ചൈനീസ് ഭാഷയില്‍ "മിണ്ടരുത്" എന്നാണ് അര്‍ഥം. മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ്, ഫുക്കുവോക്ക ഏഷ്യന്‍ കള്‍ച്ചറല്‍ പ്രൈസ്, കിരിയാമ പ്രൈസ് തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. മോ യാനും ജാപ്പനീസ് സാഹിത്യകാരന്‍ ഹാറുകി മുറേകാമിക്കുമാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, രാഷ്ട്രീയ ഇടപെടലുകള്‍ മോ യാന് അര്‍ഹതപ്പെട്ട പുരസ്കാരം തട്ടിതെറിപ്പിക്കുമോയെന്ന് ആരാധകരും സാഹിത്യപ്രേമികളും സംശയിച്ചിരുന്നു. ഒടുവില്‍ മോ യാനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതായി ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ചൈനയില്‍ ആഹ്ലാദം അലയടിച്ചു.ചൈനയില്‍ ജനിച്ച ഗാവോ സിങ് ജിയാന് 2000ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ കിട്ടിയിരുന്നെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരനാണ്.

ചുവന്ന വീഞ്ഞിന്റെ വീര്യം

ചൈനീസ് എഴുത്തുകാരന്‍ മോ യാന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാദമി പറഞ്ഞു: ""ഭ്രമാത്മക യഥാതഥ ആഖ്യാനത്തോടെ നാടോടിക്കഥകളും ചരിത്രവും സമകാലീനതയും സമന്വയിപ്പിക്കുന്ന എഴുത്തുകാരനാണ് മോ യാന്‍."" നൊബേലിന്റെ 111 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അത് നേടുന്ന ചൈനീസ് എഴുത്തുകാരന്‍. മുന്‍കാലങ്ങളില്‍ നൊബേല്‍ നേടിയ പേള്‍ എസ് ബെക്കും ഗാവോ സിങ്ജ്യാനും ചൈനീസ് വംശജരാണെങ്കിലും ചൈനീസ് പൗരത്വമുണ്ടായിരുന്നില്ല. പതിനൊന്ന് നോവലും അനേകം ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ച ഈ സാഹിത്യകാരന്റെ ആദ്യ നോവല്‍ 1981ല്‍ പ്രസിദ്ധീകരിച്ച വസന്തരാത്രിയില്‍ പെയ്യുന്ന മഴ (Falling Rain on a Spring Night) ആണ്. 2004ല്‍ പുറത്തിറങ്ങിയ വലിയ മാറിടങ്ങളും വിസ്തൃതമായ അരക്കെട്ടുകളും (Big Breasts and Wide Hips) എന്ന നോവല്‍ ചൈനീസ് പുരുഷ കേന്ദ്രീകൃത സംസ്കാരത്തില്‍ സ്ത്രീകളുടെ നൊമ്പരങ്ങള്‍ അടയാളപ്പെടുത്തുന്ന ഒരു ഇതിഹാസകാവ്യമാണ് എന്നുതന്നെ പറയാം.

ഗ്രാമീണ കര്‍ഷക പശ്ചാത്തലത്തില്‍ ഒരു നാടോടി പാരമ്പര്യത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയ റെഡ് സോര്‍ഗം(ചുവന്ന വീഞ്ഞ്) എന്ന നോവല്‍ ഒരു കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥ പറയുന്നു. ചൈനയിലെ അതീവ ചാരുതയാര്‍ന്ന ഒരു നാട്ടിന്‍പുറത്ത് 1930കളില്‍, ജാപ്പ് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ജനത നടത്തുന്ന പോരാട്ടങ്ങളുടെ ഭീകരദൃശ്യങ്ങളാണ് അനേകം ഫ്ളാഷ്ബാക്കുകളിലൂടെ മോ യാന്‍ അനാവരണം ചെയ്യുന്നത്. ഈ ഐതിഹാസിക കഥ പിന്നീട് സാന്‍ ഇമോ (Zhang Yimou) ഇതേ പേരില്‍ ചലച്ചിത്രമാക്കി. കഥയിലെ പ്രധാന ബിംബം ആയ സോര്‍ഗം വീഞ്ഞിലൂടെ ഒരു സംസ്കാരത്തിന്റെ വീര്യത്തിന് സാഹിത്യം നല്‍കുന്ന ബഹുമതി ആണ് ചുവന്ന വീഞ്ഞ്. ഭ്രമാത്മകതയും യാഥാര്‍ഥ്യവും ചരിത്രവും ഐതിഹ്യവും സമകാലീന സാംസ്കാരിക കാഴ്ചകളും ഒത്തിണക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ വില്യം ഫോക്നറുടെയും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെയും കാഫ്കയുടെയും രചനാശൈലി ഓര്‍മിപ്പിക്കുന്നു. ചൈനീസ് സാഹിത്യത്തിലെ വാമൊഴി പാരമ്പര്യത്തെ അനുസ്മരിപ്പിക്കുമ്പോഴും ഒരു വിരോധാഭാസം എന്നപോലെ തൂലികാനാമത്തിന്റെ അര്‍ഥം "മിണ്ടരുത്" എന്നാണ്.
(ഡോ. മീന ടി പിള്ള)

കാലിചെറുക്കന്റെ നൊബേല്‍ പുഞ്ചിരി

കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകാന്‍ അനുവദിക്കാതെ കന്നുകാലികളെ മേക്കാന്‍ പറഞ്ഞുവിട്ട അച്ഛനെയാണ് ഈ അവസരത്തില്‍ ഓര്‍ക്കുന്നതെന്ന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ചൈനീസ് സാഹിത്യകാരന്‍ മോ യാന്‍ പറയുന്നു. കുട്ടിക്കാലംമുതല്‍ "ഒഴിയാബാധ" പോലെ തന്നെ പിടികൂടിയ കനത്ത ഏകാന്തതയാണ് തന്റെ സാഹിത്യരചനകള്‍ക്ക് പ്രചോദനമേകിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

""ദിവസം മുഴുവനും പശുവിനോടൊപ്പം നില്‍ക്കുന്ന ആ കുട്ടിയെ എനിക്ക് ഇപ്പോഴും കാണാം. നീലാകാശവും വെളുത്ത മേഘങ്ങളും പച്ച പുല്ലും വെട്ടുകിളികളും ചെറുമൃഗങ്ങളും എന്റെ ഓര്‍മയിലുണ്ട്. ഒരേ പാട്ട് തന്നെ പല രീതിയില്‍ പാടിയും പശുവിനോട് കിന്നാരം പറഞ്ഞും സ്വയം സംസാരിച്ചും ഏകാന്തതയെ മറികടക്കാന്‍ ശ്രമിച്ചനാളുകള്‍""- വേദനിപ്പിക്കുന്ന കുട്ടിക്കാല അനുഭവങ്ങളെക്കുറിച്ച് മോ യാന്‍ വാചാലനായി.

സ്വദേശമായ കിഴക്കന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ ഗൗമി പട്ടണം കേന്ദ്രീകരിച്ചാണ് മോ യാന്‍ മിക്ക കഥകളും പറഞ്ഞത്. 20 വയസ്സുവരെ സ്വന്തം നാടുവിട്ട് പുറത്തുപോകാന്‍ മോ യാനിന് കഴിഞ്ഞിട്ടില്ല. ലൂഷുനും ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കയ്പുനീര്‍ കുടിച്ചാണ് അദ്ദേഹം വളര്‍ന്നത്. കര്‍ക്കശക്കാരനായ അച്ഛന്റെ അടിച്ചമര്‍ത്തലുകളും സഹിക്കേണ്ടി വന്നു. അച്ഛന്റെ ആജ്ഞപ്രകാരം 12 വയസ്സുള്ളപ്പോള്‍ പഠനം അവസാനിപ്പിച്ച് കാലി മേക്കാന്‍ പോയി. എന്നാല്‍, വായിക്കാനും കൂടുതല്‍ പഠിക്കാനുമുള്ള കൗതുകത്തെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കൈയില്‍ കിട്ടിയ കീറക്കടലാസുമുതല്‍ വലിയ നിഘണ്ടുക്കള്‍വരെ അദ്ദേഹം മനഃപാഠമാക്കി. ഈ അനുഭവങ്ങളെല്ലാം രചനകള്‍ക്ക് ബലമേകി. നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ മുന്‍നിരയില്‍ മോ യാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിന് ശ്രമിച്ചതാണ്. എന്നാല്‍, നൊബേലിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് മോ യാന്‍ പ്രതികരിച്ചത്.

""ചൈനീസ് എഴുത്തുകാര്‍ നൊബേലിനെക്കുറിച്ച് ആകുലചിത്തരാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. എന്നെ കുറിച്ചും അത്തരം വിമര്‍ശങ്ങള്‍ കൂടുതലുണ്ട്. പുരസ്കാരത്തെക്കുറിച്ച് എന്റെ ഓരോ വാക്കും വിമര്‍ശത്തിനിടയാക്കിയേക്കും. അതുകൊണ്ട് അധികമൊന്നും പറയാനില്ല""- പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani 121012

2 comments:

  1. കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകാന്‍ അനുവദിക്കാതെ കന്നുകാലികളെ മേക്കാന്‍ പറഞ്ഞുവിട്ട അച്ഛനെയാണ് ഈ അവസരത്തില്‍ ഓര്‍ക്കുന്നതെന്ന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ചൈനീസ് സാഹിത്യകാരന്‍ മോ യാന്‍ പറയുന്നു. കുട്ടിക്കാലംമുതല്‍ "ഒഴിയാബാധ" പോലെ തന്നെ പിടികൂടിയ കനത്ത ഏകാന്തതയാണ് തന്റെ സാഹിത്യരചനകള്‍ക്ക് പ്രചോദനമേകിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

    ReplyDelete
  2. നൊബേല്‍ സമ്മാനം ഒരു കാലത്ത് കമ്മ്യൂണിസ്റ്റു വിരുദ്ധസാഹിത്യത്തിന് മാത്രമേ കിട്ടിയിരുന്നുള്ളൂ !

    ReplyDelete