Tuesday, January 24, 2012

നഴ്‌സിംഗ്‌മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനം: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള സമരമാണ് നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍.  ശമ്പളവര്‍ധനവിന്റെ കരാറുകള്‍ ഒപ്പിട്ടതല്ലാതെ അത് നടപ്പാക്കുവാന്‍ ഇതുവരെ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ല.  ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മണിക്കൂര്‍ ജോലിയെന്നത് അന്താരാഷ്ട്ര നിയമമായിട്ടും അത് ഈ മേഖലയില്‍ നടപ്പാക്കുന്നില്ല. ഇവരെ സഹായിക്കേണ്ട എംഎല്‍എമാരുള്‍പ്പെടെയുള്ളവര്‍ ഉറക്കംനടിക്കുകയാണെന്നും അേദ്ദഹം പറഞ്ഞു.

മിനിമം വേതനം 10000 രൂപയെന്ന സംഘടനയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് സമ്മേളനത്തില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ച എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ മിനിമം വേതനം എല്ലാമേഖലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 18 ലക്ഷം നഴ്‌സുമാരുള്ള ഇന്ത്യയില്‍ 12 ലക്ഷവും കേരളത്തില്‍നിന്നാണെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.

രാജ്യത്തെ നഴ്‌സിംഗ്‌മേഖലയില്‍ ഏറ്റവുംകുറഞ്ഞ വേതനവ്യവസ്ഥ നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും നഴ്‌സുമാരുടെ സംഘടനകളെല്ലാം ഒന്നിച്ച് പ്രയത്‌നിച്ചാലേ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂയെന്നും അദ്ദേഹം പറഞ്ഞു. 130 രൂപ മാസശമ്പളത്തില്‍ ഹൈദരാബാദില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉണ്ടെന്നത് ഈ മേഖലയിലെ ഞെട്ടിക്കുന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമുദായികസംഘടനകള്‍ ട്രസ്റ്റുകള്‍ എന്ന പേരില്‍ ഹോസ്പിറ്റലുകള്‍ നടത്തുകയും അവിടെ തൊഴിലാളിചൂഷണം നടത്തുകയുമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ പറഞ്ഞു. മിനിമം വേതനം കൊടുക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

മിനിമം വേതനം മാത്രം ആവശ്യപ്പെട്ടവരെ പരസ്പരം തമ്മിലടിപ്പിക്കാന്‍വരെ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. എട്ടുമണിക്കൂര്‍ ജോലിയെന്നത് തങ്ങളുടെ അവകാശമാണ്. അത് നടപ്പിലാക്കുകതന്നെ വേണം. കൂടുതലായി ജോലിചെയ്യുന്ന മണിക്കൂറിന് അധികശമ്പളം ലഭിക്കണമെന്നും ജാസ്മിന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

2009-ല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണമെന്നും അത് 15000 രൂപയായി നിജപ്പെടുത്തുക, നഴ്‌സിംഗ് ഡയറക്ടറേറ്റ് ജുഡീഷ്യല്‍ അധികാരത്തോടെ രൂപീകരിക്കുക, കരാര്‍നിയമന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങളടങ്ങിയ സമരപ്രഖ്യാപന പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ പങ്കെടുത്തു.  യോഗത്തില്‍ മഹിളാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കമലാ സദാനന്ദന്‍, കെപിസിസി സെക്രട്ടറി ലതികാസുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് പ്രതിനിധി എ സി കൃഷ്ണന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി എം അനില്‍കുമാര്‍, എസ്എഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ്, സാമൂഹ്യപ്രവര്‍ത്തക ടി ബി മിനി എന്നിവര്‍ പ്രസംഗിച്ചു.  സുധീപ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

janayugom 240112

1 comment:

  1. മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള സമരമാണ് നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. ശമ്പളവര്‍ധനവിന്റെ കരാറുകള്‍ ഒപ്പിട്ടതല്ലാതെ അത് നടപ്പാക്കുവാന്‍ ഇതുവരെ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മണിക്കൂര്‍ ജോലിയെന്നത് അന്താരാഷ്ട്ര നിയമമായിട്ടും അത് ഈ മേഖലയില്‍ നടപ്പാക്കുന്നില്ല. ഇവരെ സഹായിക്കേണ്ട എംഎല്‍എമാരുള്‍പ്പെടെയുള്ളവര്‍ ഉറക്കംനടിക്കുകയാണെന്നും അേദ്ദഹം പറഞ്ഞു.

    ReplyDelete