Tuesday, December 27, 2011

മറാഠി പ്രശ്നം: കെഎസ്കെടിയു വീണ്ടും പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ കെഎസ്കെടിയു പ്രക്ഷോഭത്തിലേക്ക്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് കേരളത്തിലെ മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ ഉയര്‍ന്ന സമരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവരെ പട്ടികവര്‍ഗ ലിസ്റ്റില്‍തന്നെ ഉള്‍പ്പെടുത്തണമെന്ന കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കി ഒന്നര വര്‍ഷത്തോളമായിട്ടും ഈ സമുദായത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ജില്ലയിലെ അരലക്ഷത്തോളമുള്ള മറാഠി സമുദായത്തോട് കാണിക്കുന്ന കടുത്ത അനീതിയാണിത്. മുന്‍ എംപി ടി ഗോവിന്ദനും ഇപ്പോള്‍ പി കരുണാകരന്‍ എംപിയും നിരന്തരമായി ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും അതിന്റെ ഗൗരവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനാകുന്നില്ല.

സാമൂഹ്യമായി വളരെ പിന്നണിയില്‍ കിടക്കുന്ന സമുദായം സാമ്പത്തികമായി വളരെ മുന്നിലെത്തിയെന്ന വസ്തുതാവിരുദ്ധ റിപ്പോര്‍ട്ടാണ് മുമ്പ് കിര്‍ത്താഡ്സ് തയ്യാറാക്കിയത്. സമുദായത്തിലെ ചിലര്‍ക്ക് ഉയര്‍ന്ന ഉദ്യോഗം കിട്ടി നഗരത്തില്‍ താമസിക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ട്. മറാഠി കോളനികളില്‍ കൂട്ടമായി താമസിക്കുന്നവരുടെ ദുരിതവും പിന്നോക്കാവസ്ഥയും കാണാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിര്‍ത്താഡിസിനോട് നിര്‍ദേശിച്ചത്. കര്‍ണാടകയില്‍ താമസിക്കുന്ന മറാഠികള്‍ ഇപ്പോഴും പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുമ്പോഴാണ് കേരളത്തിലുള്ളവരോട് ഈ ചതി ചെയ്തത്. ഇതോടെ ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടമായി. പട്ടികജാതിയില്‍പോലും ഉള്‍പ്പെടുത്താതെയാണ് ഇവരെ ഒഴിവാക്കിയത്.

കിര്‍ത്താഡ്സ് രണ്ടാമത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവരെ പട്ടികവര്‍ഗ ലിസ്റ്റില്‍ നിലനിര്‍ത്തേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമുദായത്തിലെ മുഴുവനാളുകളെയും കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തി 29ന് ദേലമ്പാടിയിലും 30ന് രാജപുരത്തും പോസ്റ്റോഫീസ് സമരം നടത്താനാണ് കെഎസ്കെടിയു തീരുമാനിച്ചിട്ടുള്ളത്. നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ തുടര്‍ച്ചയായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് കെ കണ്ണന്‍നായരും സെക്രട്ടറി വി കെ രാജനും പറഞ്ഞു. 30ന് രാജപുരം പോസ്റ്റോഫീസ് മാര്‍ച്ച് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സമരത്തില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

deshabhimani 271211

1 comment:

  1. മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ കെഎസ്കെടിയു പ്രക്ഷോഭത്തിലേക്ക്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് കേരളത്തിലെ മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ ഉയര്‍ന്ന സമരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവരെ പട്ടികവര്‍ഗ ലിസ്റ്റില്‍തന്നെ ഉള്‍പ്പെടുത്തണമെന്ന കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കി ഒന്നര വര്‍ഷത്തോളമായിട്ടും ഈ സമുദായത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

    ReplyDelete