Thursday, December 15, 2011

സമരംചെയ്ത ട്രെയ്നി നേഴ്സുമാരെ അമൃത പുറത്താക്കി

കൊച്ചി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ സമരംചെയ്തതിന്റെ പ്രതികാരമെന്നോണം ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുന്നൂറ്റിമുപ്പതോളം നേഴ്സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍നിന്ന് കുറച്ചുപേരെ സാധാരണ തുടരാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇക്കുറി സമരത്തില്‍ സഹകരിച്ചതിന് പ്രതികാരമായി ഇവരെയെല്ലാം പറഞ്ഞുവിടുകയാണെന്ന് യുണൈറ്റഡ് നേഴ്സസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും സംഘടന ഇടപെട്ടതിനാല്‍ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.

എംജി സര്‍വകലാശാലയുടെ വിവിധ സെന്ററുകളില്‍നിന്ന് നേഴ്സിങ് പൂര്‍ത്തിയാക്കി പരിശീലനത്തിനെത്തിയവരാണ് പുറത്താകുന്നവരില്‍ അധികവും. ഡിസംബര്‍ 13ന് ആറുമാസത്തെ പരിശീലനം പൂര്‍ത്തിയായ ഇവരോട് തുടരേണ്ടെന്ന് മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്ന നേഴ്സുമാരുടെ യോഗം സമരത്തിന് ഏതാനും ദിവസംമുമ്പ് മാനേജ്മെന്റ് വിളിച്ചിരുന്നു. തുടരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തുടരാമെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ , ഇവര്‍ സമരത്തില്‍ പങ്കെടുത്തതോടെ മാനേജ്മെന്റ് നിലപാട് മാറ്റിയതെന്ന് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ ഷാ പറഞ്ഞു. അതിനിടെ മാനേജ്മെന്റ് ശിക്ഷാനടപടിയെടുത്ത നാലു നേഴ്സുമാരില്‍ ഒരാളൊഴികെയുള്ളവര്‍ സമരത്തെത്തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആശുപത്രിയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു.

deshabhimani 151211

2 comments:

  1. കൊച്ചി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ സമരംചെയ്തതിന്റെ പ്രതികാരമെന്നോണം ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുന്നൂറ്റിമുപ്പതോളം നേഴ്സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍നിന്ന് കുറച്ചുപേരെ സാധാരണ തുടരാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇക്കുറി സമരത്തില്‍ സഹകരിച്ചതിന് പ്രതികാരമായി ഇവരെയെല്ലാം പറഞ്ഞുവിടുകയാണെന്ന് യുണൈറ്റഡ് നേഴ്സസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും സംഘടന ഇടപെട്ടതിനാല്‍ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.

    ReplyDelete
  2. ഒരുവര്‍ഷത്തെ ജോലി പരിചയമില്ലാത്തവരെ സ്വകാര്യ ആശുപത്രികളില്‍ നിയമിക്കേണ്ടതില്ലെന്ന് ഓള്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറണമെങ്കില്‍ ആദ്യ സ്ഥാപനത്തില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റും സമ്മതരേഖയും നിര്‍ബന്ധമാക്കും. ബോണ്ടും ഇന്റേണ്‍ഷിപ്പും നിര്‍ത്തലാക്കിയത് നേഴ്സുമാരുടെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍ . കോഴ്സ് പാസാകുന്നവര്‍ക്ക് ആവശ്യമായ ജോലിപരിചയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

    ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് കോടതിയിലുള്ള കേസിന്റെ വിധിയെന്തായാലും അംഗീകരിക്കും. വേതനവര്‍ധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നടന്ന സമരം ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. പ്രസിഡന്റ് ഡോ. പി കെ മുഹമ്മദ് റഷീദ്, ട്രഷറര്‍ ഡോ. ഇ കെ രാമചന്ദ്രന്‍ , കാത്തലിക് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ് ഫാ. പോള്‍ മൂഞ്ഞേലി, ഓള്‍ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രതിനിധി കേണല്‍ രമേശ് എന്നിവരുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 160 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

    ReplyDelete