Tuesday, December 27, 2011

നഗരങ്ങളിലെ തപാലാപ്പീസുകളില്‍ ഫോണ്‍ബില്‍ എടുക്കില്ല

കൊച്ചി: തപാല്‍ മധ്യമേഖലയ്ക്കു കീഴിലുള്ള നഗരപ്രദേശങ്ങളിലെ തപാലാപ്പീസുകളില്‍ ടെലിഫോണ്‍ബില്‍ സ്വീകരിക്കുന്നത് നിര്‍ത്തി. എറണാകുളം, ഇടുക്കി, ആലപ്പുഴ, ഇരിങ്ങാലക്കുട, മാവേലിക്കര, ചങ്ങനാശേരി, കോട്ടയം, ആലുവ ഡിവിഷനുകളിലെ വിവിധ തപാലാപ്പീസുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത നൂറിലധികം ടെലിഫോണ്‍ ബില്‍ സ്വീകരണകേന്ദ്രങ്ങളാണ് മധ്യമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഉത്തരവനുസരിച്ച് നിര്‍ത്തലാക്കിയത്. പ്രത്യേക മാനദണ്ഡങ്ങളൊന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം പിഎംജി വ്യക്തമാക്കിയിട്ടില്ല.

തപാലാപ്പീസുകള്‍ കൂടുതലുള്ളതിനാലും ടെലിഫോണ്‍ എക്സ്ചേഞ്ചുകളെ അപേക്ഷിച്ച് ഇവിടെ തിരക്കു കുറവാണെന്നതിനാലും ആയിരക്കണക്കിനാളുകളാണ് ഈ സേവനത്തെ ആശ്രയിച്ചിരുന്നത്. ജീവനക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ തപാലാപ്പീസിലെയും ജീവനക്കാരുടെ ഡ്യൂട്ടിപോയിന്റ് അലവന്‍സ് കണക്കാക്കുന്നതില്‍ ടെലിഫോണ്‍ ബില്ലുകളുടെ എണ്ണവും പരിഗണിച്ചിരുന്നു. സേവനം നിര്‍ത്തലാക്കിയ ഇടങ്ങളിലെ ജീവനക്കാര്‍ക്ക് ഈയിനത്തിലെ അലവന്‍സ് ഇല്ലാതായി. എറണാകുളത്ത് ഇടപ്പള്ളി നോര്‍ത്ത്, എരൂര്‍ സൗത്ത്, എരൂര്‍ വെസ്റ്റ്, കളമശേരി ഡെവലപ്മെന്റ് പ്ലോട്ട്, കാക്കനാട് വെസ്റ്റ്, തൃപ്പൂണിത്തുറ തെക്കുംഭാഗം, കൊച്ചി പാലസ്, കാക്കനാട് കുസുമഗിരി, തെങ്ങോട്, പള്ളുരുത്തി സൗത്ത്, നസ്രത്ത്, വല്ലാര്‍പാടം തപാലാപ്പീസുകളില്‍നിന്നാണ് സൗകര്യം പിന്‍വലിച്ചത്. സമാനമായി മധ്യമേഖലക്കു കീഴിലെ മറ്റിടങ്ങളിലും പുതിയ ഉത്തരവ് ഡിസംബര്‍ ഒന്നുമുതല്‍ നിലവില്‍വന്നു. അതാത് മേഖലകളിലെ സൂപ്രണ്ടുമാര്‍വഴിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

deshabhimani 271211

1 comment:

  1. തപാല്‍ മധ്യമേഖലയ്ക്കു കീഴിലുള്ള നഗരപ്രദേശങ്ങളിലെ തപാലാപ്പീസുകളില്‍ ടെലിഫോണ്‍ബില്‍ സ്വീകരിക്കുന്നത് നിര്‍ത്തി. എറണാകുളം, ഇടുക്കി, ആലപ്പുഴ, ഇരിങ്ങാലക്കുട, മാവേലിക്കര, ചങ്ങനാശേരി, കോട്ടയം, ആലുവ ഡിവിഷനുകളിലെ വിവിധ തപാലാപ്പീസുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത നൂറിലധികം ടെലിഫോണ്‍ ബില്‍ സ്വീകരണകേന്ദ്രങ്ങളാണ് മധ്യമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഉത്തരവനുസരിച്ച് നിര്‍ത്തലാക്കിയത്. പ്രത്യേക മാനദണ്ഡങ്ങളൊന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം പിഎംജി വ്യക്തമാക്കിയിട്ടില്ല.

    ReplyDelete