Sunday, December 25, 2011

ജന്മിത്തത്തിനു താക്കീതായ താന്ന്യം മിച്ചഭൂമിസമരം

തൃശൂര്‍ : രണ്ടുമാസത്തിലേറെ തുടര്‍ച്ചയായി നടന്ന താന്ന്യം മിച്ചഭൂമിസമരം 1973ലാണ്. ചേര്‍പ്പിനടുത്ത് താന്ന്യം ചേലൂര്‍ മനയിലെ നീലാ അന്തര്‍ജനത്തിന്റെ 20 ഏക്കറോളമുള്ള മിച്ചഭൂമിയായ തെങ്ങിന്‍തോപ്പിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് കര്‍ഷകത്തൊഴിലാളികളും ദരിദ്രകര്‍ഷകരും നിത്യേന പ്രതിഷേധമാര്‍ച്ച് നടത്തുകയായിരുന്നു. ഒട്ടേറെ സമരസഖാക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായി. മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനും അര്‍ഹരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനും അന്ന് അധികാരത്തിലുണ്ടായിരുന്ന സി അച്യുതമേനോന്റെയും കെ കരുണാകരന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനാലാണ് താന്ന്യം മിച്ചഭൂമിസമരത്തിന് തുടക്കമിട്ടത്.
കര്‍ഷകസംഘത്തിന്റെയും കെഎസ്കെടിയുവിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന മിച്ചഭൂമിസമരത്തിന്റെ ഭാഗമായിരുന്നു താന്ന്യം സമരം. അധികാരികള്‍ക്ക് മിച്ചഭൂമി കാട്ടിക്കൊടുക്കുക, ഏറ്റെടുക്കാനും വിതരണം ചെയ്യാനും സര്‍ക്കാര്‍ മടിക്കുന്നെങ്കില്‍ ഭൂമി കൈയേറി കൃഷിയിറക്കുകയും വിളവെടുക്കുകയും കുടില്‍ കെട്ടുകയും ചെയ്യുക എന്ന സമരമാര്‍ഗമാണ് താന്ന്യം മിച്ചഭൂമിയില്‍ നടന്നത്. ചാഴൂരിലെ പുള്ള്, ചിറയ്ക്കല്‍ , അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളില്‍നിന്ന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പ്രകടനമായെത്തി സമരഭൂമിയിലേക്ക് ഓരോ ദിവസവും മാര്‍ച്ച് നടത്തുകയായിരുന്നു. താന്ന്യം ചന്തയ്ക്കടുത്തുള്ള താല്‍ക്കാലിക ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത്. വിളയിറക്കാനും വിളവെടുക്കാനും സമരസഖാക്കള്‍ കൈമെയ് മറന്ന് മുന്നോട്ടുവന്നപ്പോള്‍ പൊലീസ് ലാത്തിവീശി. നിരവധി പേര്‍ അറസ്റ്റ് വരിച്ചു.

മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന ഒട്ടേറെപ്പേര്‍ താന്ന്യം സമരത്തിന്റെ തീക്ഷ്ണമായ ഓര്‍മകളില്‍ ഇന്നും ജീവിക്കുന്നു. എഴുപതുദിവസം ഇടമുറിയാതെ നീണ്ട സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖരില്‍ കെ ഈശന്‍ , കെ കെ കുമാരന്‍ , കെ കെ വേലായുധന്‍ , ടി കെ പുരുഷോത്തമന്‍ , സി കെ ചക്രപാണി, പി എസ് എന്‍ നമ്പൂതിരി എന്നിവരുടെ പേരുകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പ്രാദേശികതലത്തില്‍ സമരസഖാക്കള്‍ക്ക് കരുത്തും ഊര്‍ജവും പകര്‍ന്ന് സംഘാടകരായി പ്രവര്‍ത്തിച്ചത് ഇയ്യാനി ചന്ദ്രന്‍ , പൊറ്റേക്കാട്ട് രാവുണ്ണി, കുറ്റിക്കാട്ട് ബാലന്‍ , എം കെ കുമാരന്‍ , കൊടുപ്പുള്ളി രാഘവന്‍ , തെക്കിനിയേടത്ത് ശ്രീധരന്‍ എന്നിവരാണ്. എം കെ കുമാരന്‍ , കെ കെ ശ്രീനിവാസന്‍ , കെ കെ സിദ്ധാര്‍ഥന്‍ , പഴുവില്‍ കുഞ്ഞിക്കോരന്‍ തുടങ്ങിയവര്‍ ജയില്‍വാസമനുഭവിച്ചവരാണ്. വിട്ടുവീഴ്ചയില്ലാത്ത സമരത്തിനൊടുവില്‍ അന്നത്തെ സര്‍ക്കാര്‍ താന്ന്യത്തെ മിച്ചഭൂമി ഏറ്റെടുക്കാനും അത് വിതരണം ചെയ്യാനും നിര്‍ബന്ധിതരായി. ചരിത്രത്തിന്റെ സമരതീക്ഷ്ണമായ ഇന്നലെകളില്‍ താന്ന്യം ജ്വലിക്കുന്ന ഒരേടാണ്.

deshabhimani 251211

1 comment:

  1. രണ്ടുമാസത്തിലേറെ തുടര്‍ച്ചയായി നടന്ന താന്ന്യം മിച്ചഭൂമിസമരം 1973ലാണ്. ചേര്‍പ്പിനടുത്ത് താന്ന്യം ചേലൂര്‍ മനയിലെ നീലാ അന്തര്‍ജനത്തിന്റെ 20 ഏക്കറോളമുള്ള മിച്ചഭൂമിയായ തെങ്ങിന്‍തോപ്പിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് കര്‍ഷകത്തൊഴിലാളികളും ദരിദ്രകര്‍ഷകരും നിത്യേന പ്രതിഷേധമാര്‍ച്ച് നടത്തുകയായിരുന്നു. ഒട്ടേറെ സമരസഖാക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായി. മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനും അര്‍ഹരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനും അന്ന് അധികാരത്തിലുണ്ടായിരുന്ന സി അച്യുതമേനോന്റെയും കെ കരുണാകരന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനാലാണ് താന്ന്യം മിച്ചഭൂമിസമരത്തിന് തുടക്കമിട്ടത്.

    ReplyDelete