Tuesday, December 20, 2011

സര്‍ക്കാര്‍ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം

'എമര്‍ജിംഗ് കേരള മീറ്റി'ന്റെ പേരില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമികളാണ് ഇത്തരത്തില്‍ സ്വാകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ തയ്യാറെടുക്കുന്നത്.

ഓരോ വകുപ്പുകളുടെയും കൈവശമുള്ള ഭൂമി അതാത് വകുപ്പുകള്‍ക്ക് ഇപ്പോള്‍ ഉപയോഗയോഗമല്ലാത്തവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് (ജിം) ന്റെ മാതൃകയിലാണ് എമര്‍ജിംഗ് കേരള മീറ്റും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് മീറ്റിന്റെയും ലക്ഷ്യം. കോടികള്‍ ചെലവഴിച്ച് നടത്തിയ 'ജിം'ലൂടെ കേരളത്തില്‍ കാര്യമായ ഒരു നിക്ഷേപവും എത്തിയില്ല. പകരം ചില റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങളായിരുന്നു ജിമ്മിന്റെ മറവില്‍ കേരളത്തിലെത്തിയതെന്ന് ജനങ്ങള്‍ കണ്ടതുമാണ്. ഇതേ താത്പര്യമാണ് എമര്‍ജിംഗ് കേരള മീറ്റിനു പിന്നിലെന്നുവേണം സംശയിക്കാന്‍.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള ഭൂമികളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനായുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഭൂമികള്‍ നിക്ഷേപത്തിനായി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറും. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ സംസ്ഥാനത്ത് വന്‍ വികസന കുതിപ്പുണ്ടാക്കുമെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ ഭൂമികള്‍ വന്‍കിട സ്വകാര്യ മുതലാളിമാര്‍ക്ക് ലാഭം കൊയ്യാനുള്ള വേദിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിവധ വകുപ്പുകളുടെ കൈവശമുള്ള ഭൂമികളെല്ലാം തന്നെ സെന്റിന് കോടികള്‍ വിലമതിക്കുന്നതാണ്. ഇവിടങ്ങളില്‍ സര്‍ക്കാരിന് നിസാര തുക വാടകയായോ, പാട്ടമായോ നല്‍കിയാണ് വന്‍കിട മുതലാളിമാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നത്. ഇതിന്റെ മറവില്‍ വന്‍ അഴിമതിക്ക് കളമൊരുക്കുമ്പോഴും സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപംവന്നു എന്ന് സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാന്‍ കവിയും. വിമര്‍ശനം ഉയരുമ്പോള്‍ സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയുമെന്നും ഇതിലൂടെ സര്‍ക്കാര്‍ കണക്കു കൂട്ടുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ്, വ്യവസായ വികസന കോര്‍പ്പറേഷന്‍, വ്യവസായ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ തങ്ങളുടെ ഉടമസ്ഥാവകാശത്തിലുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. ടൂറിസം വകുപ്പ് ഇത്തരത്തിലുള്ള ആറോളം സ്ഥലങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ടെക്‌നോപാര്‍ക്ക്, ആക്കുളം, വേളി, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിലെ കണ്ണായ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനായി ടൂറിസം വകുപ്പ് കണ്ടുവച്ചിട്ടുള്ളത്. പുതിയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിക്ഷേപം കൂടുമെന്നും ഇതുവഴി വളരെ വേഗത്തില്‍ ടൂറിസം വികസനം സാധ്യമാകുമെന്നുമാണ് അധികൃതരുടെ കണ്ടുപിടിത്തം.ഇത്തരത്തില്‍ കൈമാറാനുള്ള മറ്റ് സ്ഥലങ്ങളുടെ ലിസ്റ്റും വകുപ്പ് തയ്യാറാക്കിവരുന്നുണ്ട്. എന്നാല്‍ കണ്ടെത്തിയ ചില സ്ഥലങ്ങള്‍ ടൂറിസം വകുപ്പിന് കൈമാറിയിട്ടുള്ളതാണെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ പ്രകാരം സ്ഥലങ്ങള്‍ പൂര്‍ണ്ണമായും വകുപ്പിന്റെ കീഴിലല്ല. പലതും റവന്യു വകുപ്പില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുകിട്ടിയിട്ടില്ല. അതിനാല്‍ പദ്ധതി എത്തരത്തില്‍ നടപ്പാക്കണമെന്ന ആശയക്കുഴപ്പവും തുടരുന്നുണ്ട്. പദ്ധതി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പദ്ധതി എത്തരത്തില്‍ നടപ്പാക്കണമെന്ന് തീരുമാനിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

ജി ഗിരീഷ് കുമാര്‍ janayugom 201211

1 comment:

  1. 'എമര്‍ജിംഗ് കേരള മീറ്റി'ന്റെ പേരില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമികളാണ് ഇത്തരത്തില്‍ സ്വാകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ തയ്യാറെടുക്കുന്നത്.

    ReplyDelete