Monday, December 26, 2011

സോനി സോരി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണം: ഡി രാജ

നക്‌സല്‍ ബന്ധമാരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സോനി സോരിയെന്ന ആദിവാസി അധ്യാപികയുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സി പി ഐ നേതാവ് ഡി രാജ എം പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്കെതിരെയുള്ള പൊലീസിന്റെ കിരാത നടപടികള്‍ അവസാനിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ചകത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകള്‍ക്കുവേണ്ടി ബഹുരാഷ്ട്രകമ്പനിയായ എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും 15 ലക്ഷം രൂപ കൈപ്പറ്റി എന്നാരോപിച്ചാണ് ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന സോനി സോരിയെ അറസ്റ്റുചെയ്തത്. ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശത്ത് എസ്സാര്‍ കമ്പനിയുടെ ഇരുമ്പയിര് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാവില്ല എന്നുറപ്പുവരുത്താനാണ് തുക കൈമാറിയതെന്നാണ് പൊലീസ് ഭാഷ്യം. ദന്തേവാഡയിലെ പല്‍നാര്‍ മാര്‍ക്കറ്റില്‍ വെച്ച് സോനി സോരിയുടെ അനന്തരവനായ ലിന്‍ഗാരം കൊടോപിയേയും എസ്സാര്‍ കമ്പനിയുടെ കരാറുകാരനായ ബി കെ ലാലയേയും പണം കൈമാറുന്നതിനിടെ അറസ്റ്റുചെയ്തിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന സോനി സോരി രക്ഷപ്പെടുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

തങ്ങളെ വ്യാജക്കേസിലുള്‍പ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഡല്‍ഹിയിലെത്തിയ സോനി സോരിയെ അവിടെവച്ച് അറസ്റ്റ്‌ചെയ്യുകയാണുണ്ടായത്.

2011 ഒക്‌ടോബറില്‍ ഛത്തീസ്ഗഡിലെ സാകേത് ജില്ലാ കോടതി സോനിയുടെ ജാമ്യാപേക്ഷ തള്ളുകയും ചോദ്യംചെയ്യലിനായി സോനിയെ ഛത്തീസ്ഗഡ് പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. സോനിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഛത്തീസ്ഗഡ് പൊലീസ് കമ്മിഷണര്‍ക്ക് കോടതി പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലായിരുന്ന രണ്ടു ദിവസവും സോനിയെ ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുകയും അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. സോനിയുടെ അഭിഭാഷകന്റെ അപേക്ഷയെത്തുടര്‍ന്ന് സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ദന്തേവാഡ പൊലീസ് സ്റ്റേഷനില്‍ സോനി സോരി ക്രൂരമായ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയയായതായി അന്വേഷണത്തില്‍ തെളിയുകയുണ്ടായി.ഇത്തരം നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീ ശാക്തീകരണത്തിനും ആദിവാസി ക്ഷേമത്തിനും എതിരെയുള്ള വെല്ലുവിളിയാണെന്ന് ഡി രാജ കത്തില്‍ ചൂണ്ടികാട്ടി. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കുനേരെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതും ഭരണഘടനാ വിരുദ്ധവുമാണ്. ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ജനാധിപത്യ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുമെന്ന് ഡി രാജ പറഞ്ഞു.

janayugom 241211

1 comment:

  1. നക്‌സല്‍ ബന്ധമാരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സോനി സോരിയെന്ന ആദിവാസി അധ്യാപികയുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സി പി ഐ നേതാവ് ഡി രാജ എം പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

    ReplyDelete