Saturday, December 31, 2011

മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു: ഡിവൈഎഫ്ഐ

കണ്ണൂര്‍ : സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒളിച്ചുകളിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ഡിസംബര്‍ 31ന് അവസാനിക്കുന്ന 138 റാങ്ക്ലിസ്റ്റുകളുടെ കാലാവധി മാര്‍ച്ച് 31വരെ നീട്ടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

തൊഴിലില്ലാത്തവര്‍ക്കുവേണ്ടി വികാരംകൊള്ളുന്ന മുഖ്യമന്ത്രി സ്വന്തംവകുപ്പിലെ ഒഴിവുകള്‍ പോലും നികത്തുന്നില്ല. യുവജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നീക്കം നടക്കുന്നു. പെന്‍ഷന്‍ പ്രായം ഏകീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തുന്ന കാലതാമസമാണ് നിയമനത്തിന് തടസ്സം. നിയമനത്തിന് മതിയായ സമയം ലഭിച്ചിട്ടും നടപടിയുണ്ടായില്ല. 435 റാങ്ക്ലിസ്റ്റുകള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒരാഴ്ചകൊണ്ട് മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്താം. പല വകുപ്പിലും റാങ്ക്ലിസ്റ്റ് ഉണ്ടായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുന്നു. ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ 22 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്താന്‍ ഇന്റര്‍വ്യു നടത്തി. സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ 25 പേരെ താല്‍ക്കാലികമായി നിയമിക്കുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പഠിക്കാന്‍ ധനമന്ത്രി കണ്‍വീനറായി മന്ത്രിസഭാസമിതിയെ നിയോഗിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി മുഖ്യമന്ത്രി സര്‍ക്കാരിന്റെ നയം വ്യക്തമാക്കണം. അടുത്തവര്‍ഷം 43,000 പേര്‍ സര്‍വീസില്‍നിന്ന് വിരമിക്കും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ വര്‍ഷങ്ങളോളം നിയമനം നടക്കില്ല. റാങ്ക്ലിസ്റ്റിലുള്ളവരെയും ലിസ്റ്റില്‍ വരാനിരിക്കുന്നവരെയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

പിഎസ്സിയെ ഭീഷണിപ്പെടുത്തുന്നത് തെറ്റ്: അഡ്വ. ടി പി കേളുനമ്പ്യാര്‍

കൊച്ചി: പബ്ലിക് സര്‍വീസ് കമീഷനെ ഭീഷണിപ്പെടുത്തുന്നതരത്തില്‍ സര്‍ക്കാര്‍ പെരുമാറുന്നത് ഭരണഘടനാ ലംഘനമാണെന്ന് നിയമജ്ഞനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായേ പ്രവര്‍ത്തിക്കാവൂ എന്നതാണ് കര്‍ശന നിയമം. ഒരു ഭരണഘടനാസ്ഥാപനം മറ്റൊരു ഭരണഘടനാസ്ഥാപനത്തെ കണ്ണുരുട്ടി ഭയപ്പെടുത്താനോ ആക്രമിക്കാനോ മുതിരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്.

ഭരണഘടനയുടെ 315-ാം ഖണ്ഡികപ്രകാരമാണ് പബ്ലിക് സര്‍വീസ് കമീഷന്‍ രൂപീകരിച്ചത്. 32-ാം ഖണ്ഡികപ്രകാരമാണ് പബ്ലിക് സര്‍വീസ് കമീഷന്‍ അവരുടെ ജോലികള്‍ നിര്‍വഹിക്കുന്നത്. പബ്ലിക് സര്‍വീസ് കമീഷന് ചട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ക്കെതിരായി, ചട്ടങ്ങള്‍ നിര്‍മിച്ച സ്ഥാപനംതന്നെ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ ചട്ടങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അധികാരസ്വരത്തില്‍ പറയുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒന്നുകില്‍ സര്‍ക്കാര്‍ നിയമ വകുപ്പിനോടോ അഡ്വക്കറ്റ് ജനറലിനോടോ നിയമോപദേശം തേടണം. സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമീഷനോട് പെരുമാറുന്ന രീതി തീര്‍ത്തും തെറ്റാണ്, നിയമവിരുദ്ധവുമാണ്. അഭ്യര്‍ഥിക്കാം; ആജ്ഞാപിക്കരുത്. കണ്ണുരുട്ടലും കൈചുരുട്ടലും അസംബന്ധമാണ്- കേളുനമ്പ്യാര്‍ പറഞ്ഞു.

deshabhimani news

1 comment:

  1. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒളിച്ചുകളിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ഡിസംബര്‍ 31ന് അവസാനിക്കുന്ന 138 റാങ്ക്ലിസ്റ്റുകളുടെ കാലാവധി മാര്‍ച്ച് 31വരെ നീട്ടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

    ReplyDelete