Friday, December 30, 2011

ഇ എം എസിന് അറസ്റ്റ്; എ കെ ജിക്ക് ജയില്‍

 ചരിത്രത്തിന് ഇന്ധനമായ സാമൂഹ്യ പ്രവണതകള്‍ അടിവരയിട്ടതിന് ഇ എം എസിന് അറസ്റ്റ് വാറണ്ടും എകെജിക്ക് ജയില്‍ ശിക്ഷയും. 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള തുറന്ന കാഴ്ചകളാണ് ഇരുവര്‍ക്കും വിലങ്ങു തീര്‍ത്തത്. സാമ്രാജ്യത്വവും സ്വതന്ത്ര ഇന്ത്യന്‍ ഭരണാധികാരികളും ഒരേ ഭാഷയില്‍ സംസാരിച്ചതിനും അത് തെളിവു നല്‍കി. ആഹ്വാനവും താക്കീതും എന്ന കമ്യൂണിസ്റ്റ് പാര്‍ടി ലഘുലേഖയുടെ പേരിലായിരുന്നു ഇഎംഎസിന് ഭീഷണിയെങ്കില്‍ പെരിന്തല്‍മണ്ണയിലെ പ്രസംഗം മുന്‍നിര്‍ത്തിയായിരുന്നു എ കെ ജിയെ ജയിലിലടച്ചത്.

ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ചൂഷണത്തിനെതിരെ തെക്കെ മലബാറിലെ മാപ്പിള കര്‍ഷകര്‍ നടത്തിയ കലാപത്തെ അനുകൂലിച്ചും എതിര്‍ത്തും പലവിധ വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച കമ്യൂണിസ്റ്റ്പാര്‍ടിയുടെ സമീപനത്തിന് ലഭിച്ച സ്വീകാര്യത മറ്റൊന്നിനും കിട്ടിയിട്ടില്ല. ബ്രിട്ടീഷ് ചരിത്രകാരന്മാരും അവരെ പിന്തുണയ്ക്കുന്നവരും മാപ്പിള ലഹള എന്ന് ആക്ഷേപിച്ചപ്പോള്‍ കലാപം മൗലികമായി ജന്മിത്വ-സാമ്രാജ്യവിരുദ്ധമാണെന്ന് ഉറപ്പിച്ച് പറയാന്‍ ധൈര്യം കാണിച്ചത് കമ്യൂണിസ്റ്റുകാര്‍ മാത്രം. പ്രത്യേക ഘട്ടത്തില്‍ വര്‍ഗീയകലാപത്തിലേക്ക് മാറിയെങ്കിലും അതിന്റെ അന്തര്‍ധാര മതപരമായിരുന്നില്ലെന്നും വര്‍ഗപരമായ ചൂഷണംതന്നെയാണ് കലാപത്തിലേക്ക് നയിച്ചതെന്നുമുള്ള നിലപാടാണ് പാര്‍ടി ഉയര്‍ത്തിപ്പിടിച്ചത്. കമ്യൂണിസ്റ്റുകാര്‍ നടത്തിയ പ്രചാരണത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്താന്‍ നോക്കിയപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പാര്‍ടി.
മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ 1946 ആഗസ്ത് 20-ന് കമ്യൂണിസ്റ്റ്പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ "ആഹ്വാനവും താക്കീതും" ബ്രിട്ടീഷുകാരെ വിറളിപിടിപ്പിച്ചു. മാപ്പിളലഹളയെ അനുസ്മരിച്ച് ദേശാഭിമാനി വഴി പ്രചാരണംനടത്തി ലഹളക്ക് വഴിവെച്ചുവെന്നാരോപിച്ച് ഇഎംഎസ്സിനെ അറസ്റ്റുചെയ്തു. ലഘുലേഖ പ്രസിദ്ധീകരിച്ചതിന്റെ അഞ്ചാംദിവസം പെരിന്തല്‍മണ്ണയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എ കെ ജിയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എകെജിയുടെ അറസ്റ്റിനും ജയില്‍വാസത്തിനും ഇടയാക്കിയ പ്രസംഗത്തിന്റെ തുടക്കം ഇതായിരുന്നു:

"ഇരുപത്തഞ്ചു വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് സാധാരണ മുസ്ലിമായ ആലി മുസലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാസമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിങ്ങള്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം നേരിട്ടു. ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക?"

സമരത്തെ ഒരു ഘട്ടത്തില്‍ കൈയൊഴിഞ്ഞ കോണ്‍ഗ്രസിനെ എകെജി പ്രസംഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. രണ്ടു താലൂക്കുകളില്‍ രണ്ടു മാസം ഭരണം നടത്തിയ സമരനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ എ കെ ജി പ്രകീര്‍ത്തിച്ചു. പ്രസംഗത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട എ കെ ജിക്കെതിരായ കേസ് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടും പിന്‍വലിച്ചില്ല. എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടിട്ടും അദ്ദേഹത്തെ മോചിപ്പിച്ചില്ല. കേസ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ എകെജി ഇങ്ങനെ പറഞ്ഞു:
"1921-ല്‍ ഖിലാഫത്ത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി ആയുധമെടുത്ത് സമരംചെയ്തു. അവരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണ്. മലബാര്‍ ലഹളയുടെ നല്ല വശങ്ങളെ സ്വീകരിക്കാനാഹ്വാനം നല്‍കുകയും അതിന്റെ ചീത്തവശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുകയും ചെയ്തത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്".
കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ലഘുചരിത്രം എന്ന പുസ്തകത്തില്‍ ഇഎംഎസ് പറഞ്ഞതിങ്ങനെ: "1921-ലെ അഞ്ചു മാസം നീണ്ട തെക്കേ മലബാറിലെ കലാപത്തില്‍ കലാശിച്ച വമ്പിച്ച ബഹുജനമുന്നേറ്റത്തിന് ജന്മം നല്‍കിയത് മലബാറിലെ കൃഷിക്കാരുടെ ജന്മിവിരുദ്ധ സമരമായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല".

കലാപത്തെക്കുറിച്ച് പഠിച്ച ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരുടെ നിരീക്ഷണങ്ങള്‍ ഈ വാദഗതിയെ ശരിവെക്കുന്നു."എഗന്‍സ്റ്റ് ലോഡ് ആന്റ് സ്റ്റേറ്റ്: റിലിജിയന്‍ ആന്റ് പെസന്റ് അപ്റൈസിങ് ഇന്‍ മലബാര്‍" എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: "കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് പറയുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരായ ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഇതാകട്ടെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭത്തില്‍ തുടങ്ങിയ പ്രക്രിയയാണ്."
(എന്‍ എസ് സജിത്)

deshabhimani 301211

1 comment:

  1. ചരിത്രത്തിന് ഇന്ധനമായ സാമൂഹ്യ പ്രവണതകള്‍ അടിവരയിട്ടതിന് ഇ എം എസിന് അറസ്റ്റ് വാറണ്ടും എകെജിക്ക് ജയില്‍ ശിക്ഷയും. 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള തുറന്ന കാഴ്ചകളാണ് ഇരുവര്‍ക്കും വിലങ്ങു തീര്‍ത്തത്. സാമ്രാജ്യത്വവും സ്വതന്ത്ര ഇന്ത്യന്‍ ഭരണാധികാരികളും ഒരേ ഭാഷയില്‍ സംസാരിച്ചതിനും അത് തെളിവു നല്‍കി. ആഹ്വാനവും താക്കീതും എന്ന കമ്യൂണിസ്റ്റ് പാര്‍ടി ലഘുലേഖയുടെ പേരിലായിരുന്നു ഇഎംഎസിന് ഭീഷണിയെങ്കില്‍ പെരിന്തല്‍മണ്ണയിലെ പ്രസംഗം മുന്‍നിര്‍ത്തിയായിരുന്നു എ കെ ജിയെ ജയിലിലടച്ചത്.

    ReplyDelete