Saturday, December 31, 2011

പി എസ് സി വിവാദം തുറന്നുകാട്ടുന്നത് യു ഡി എഫ് നിക്ഷിപ്ത രാഷ്ട്രീയം

കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റിന് അടുത്തവര്‍ഷം ഏപ്രില്‍ 30 വരെ സമയം നീട്ടിക്കൊടുക്കാന്‍ ഇന്നലെ കമ്മിഷന്റെ അടിയന്തര യോഗം തീരുമാനിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ചാണ് മൂന്നാം തവണയും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി പരമാവധി മൂന്നുവര്‍ഷക്കാലത്തേക്കേ നീട്ടിനല്‍കാനാവു. ഇപ്പോള്‍ കാലാവധി നീട്ടിനല്‍കിയ ലിസ്റ്റിന് ഇതിനകം നാലരവര്‍ഷം നീട്ടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ കാലാവധി നീട്ടിക്കൊടുത്ത ലിസ്റ്റിനെതിരെ നിയമ തടസങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അതെന്തുതന്നെയായാലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പ്രായപരിധികൊണ്ട് ഇനിയും മറ്റൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായ തൊഴില്‍ അന്വേഷകര്‍ക്ക് കമ്മിഷന്റെ ഇന്നലത്തെ തീരുമാനം ആശ്വാസകരമാണെന്നതില്‍ രണ്ടുപക്ഷമില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് പി എസ് സിയും ഗവണ്‍മെന്റും തമ്മില്‍ ഉണ്ടായ ഉരസലുകളില്‍ രാഷ്ട്രീയം കുത്തിത്തിരുകാന്‍ നടത്തുന്നശ്രമം, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്നെ ഭാഗത്തു നിന്നായാല്‍പോലും അപലപനീയമാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി മതിയായ കാരണം കൂടാതെ നീട്ടുന്നത് 2003 ലെ ഹൈക്കോടതി വിധിയൂടെ നിഷേധമാണ്. ഗവണ്‍മെന്റിന്റെ ഭരണപരമായ പരാജയമാണ് ഇപ്പോള്‍ കാലാവധി നീട്ടണമെന്ന ആവശ്യത്തിന്റെ പിന്നില്‍. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള എട്ടുമാസക്കാലത്തിനിടയില്‍ കാലാവധി രണ്ടുതവണ നീട്ടിക്കൊടുത്തിരുന്നു. സൗകര്യാനുസരണം നിയമനം നടത്താന്‍ ഉദ്യോഗാര്‍ഥികളുടെ ശേഖരമായി റാങ്ക് ലിസ്റ്റുകള്‍ മാറ്റരുതെന്ന് സുപ്രിം കോടതിയും നിരീക്ഷിച്ചിരുന്നു. ഇത്തരത്തില്‍ കാലാവധി നീട്ടിനല്‍കുന്നത് പുതുതായി എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാന്‍ ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാണ്. ഇപ്പോഴത്തെ കാലാവധി നീട്ടിക്കൊണ്ടുള്ള തീരുമാനം ഭരണകൂടത്തിന്റെ ഇച്ഛാനുസരണമെന്ന് വ്യാഖ്യാനിക്കപ്പെടാനും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കുള്ളില്‍ 19,109 ഒഴിവുകള്‍ നികത്താനാവശ്യമായ നിയമനോപദേശങ്ങള്‍  നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടായിരവും ഡിസംബര്‍ മാസത്തില്‍ മാത്രമാണ് എന്നിരിക്കെ കമ്മിഷനെ ഒറ്റപ്പെടുത്തി പ്രതികൂട്ടിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാനുള്ള പ്രക്രിയകളും പുരോഗമിച്ചുവരികയാണ്. ഈ വസ്തുതകളപ്പാടെ നിരാകരിച്ച് അംഗവൈകല്യമുള്ള ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി നടത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗ്യാലറിയില്‍ നിന്നുള്ള കയ്യടി ലക്ഷ്യംവച്ചാണ്. അത്തരം വിലകുറഞ്ഞ പ്രചരണങ്ങള്‍ അവസാനിപ്പിച്ച് പി എസ് സിയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ തുടങ്ങിയ നവീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ പിന്തുണ നല്‍കലാണ് കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായകമാവുക.
ഓരോ സര്‍ക്കാര്‍ വകുപ്പുകളിലും നിലവിലുള്ള ഒഴിവുകള്‍ സമയബന്ധിതമായി പി എസ് സി ക്കു റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വകുപ്പുതലവന്മാര്‍ കുറ്റകരമായ കാലതാമസവും അനാസ്ഥയുമാണ് കാണിക്കുന്നത്. ഇതാണ് നിയമന നടപടികള്‍ക്കു മുഖ്യതടസമായി നിലനില്‍ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ജലവിഭവം, പൊതുമരാമത്ത് എന്നിങ്ങനെ കൂടുതല്‍ ഒഴിവുകളും അവസരങ്ങളുമുള്ള വകുപ്പുകളാണ് ഇത്തരത്തില്‍ വീഴ്ച വരുത്തുന്നതിന്റെ മുന്‍പന്തിയില്‍. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മേലധികാരികള്‍ക്കുള്ള താല്‍പര്യക്കുറവ് സുവിധിതമാണ്. അത്തരം തസ്തികകളില്‍ സ്വന്തക്കാരായ താല്‍ക്കാലികക്കാരെ സ്ഥിരമായി കൊണ്ടുനടക്കുന്നത് പതിവും വ്യാപകവുമാണ്.

നാളിതുവരെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതില്‍ തണുത്ത സമീപനം തുടര്‍ന്നു വന്നിരുന്ന യു ഡി എഫ് സര്‍ക്കാരിന് പെട്ടെന്നുളവായ ജാഗ്രതയ്ക്കും സടകുടഞ്ഞെണീറ്റ നീതിബോധത്തിനും പിന്നില്‍ തൊഴിലില്ലാത്തവരോടുള്ള പ്രേമത്തിനുമപ്പുറം പ്രായോഗികമായ രാഷ്ട്രീയ കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴില്‍ രഹിതരോട് ഏറ്റവും നിഷ്ഠൂരമായി പെരുമാറിയത്. ഇപ്പോള്‍ ഒന്നാമത്തെ പ്രശ്‌നം യു ഡി എഫ് സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ. പിറവം തിരഞ്ഞെടുപ്പ് യു ഡി എഫിന്റെയും മുഖ്യമന്ത്രിയുടെയും ഉറക്കം കെടുത്തുന്നു. രണ്ടാമത്തെ പ്രശ്‌നവും നിലനില്‍പിന്റെതുതന്നെ. അത് മറ്റൊരുതരം നിലനില്‍പാണെന്നുമാത്രം. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് ഇവിടെ കഥാപാത്രങ്ങള്‍. എണ്ണമറ്റ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകളുടെ അമരത്തെല്ലാം ഇവരെ കാണാം. തൊഴിലില്ലായ്മയുടെ ദുരിതദിനങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സാണ് ഇവരുടെ ഇരകള്‍. തൊഴിലവകാശത്തിന്റെ പേരില്‍ അഴിമതി തൊഴിലാക്കിയ ഇവരുടെ നിലനില്‍പും യു ഡി എഫ് ഭരണത്തിന്റെ നിലനില്‍പും വേര്‍പെടുത്താനാവാതെ ഇഴചേര്‍ന്നിരിക്കുന്നു.

ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം റിട്ടയര്‍മെന്റ് സമയത്തിന്റെ ഏകീകരണമാണ്. മാര്‍ച്ച് മാസത്തില്‍ റിട്ടയര്‍മെന്റെന്ന വ്യവസ്ഥ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് തടസമേയല്ല. അത് ഒഴിവുകള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനും കൂടുതല്‍ സഹായകമാവും. യു ഡി എഫ് ഭരണം കുത്തിപ്പൊക്കിയ പി എസ് സി വിവാദം അവരുടെ തന്നെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്.

janayugom editorial 311211

1 comment:

  1. കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റിന് അടുത്തവര്‍ഷം ഏപ്രില്‍ 30 വരെ സമയം നീട്ടിക്കൊടുക്കാന്‍ ഇന്നലെ കമ്മിഷന്റെ അടിയന്തര യോഗം തീരുമാനിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ചാണ് മൂന്നാം തവണയും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി പരമാവധി മൂന്നുവര്‍ഷക്കാലത്തേക്കേ നീട്ടിനല്‍കാനാവു. ഇപ്പോള്‍ കാലാവധി നീട്ടിനല്‍കിയ ലിസ്റ്റിന് ഇതിനകം നാലരവര്‍ഷം നീട്ടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ കാലാവധി നീട്ടിക്കൊടുത്ത ലിസ്റ്റിനെതിരെ നിയമ തടസങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അതെന്തുതന്നെയായാലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പ്രായപരിധികൊണ്ട് ഇനിയും മറ്റൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായ തൊഴില്‍ അന്വേഷകര്‍ക്ക് കമ്മിഷന്റെ ഇന്നലത്തെ തീരുമാനം ആശ്വാസകരമാണെന്നതില്‍ രണ്ടുപക്ഷമില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് പി എസ് സിയും ഗവണ്‍മെന്റും തമ്മില്‍ ഉണ്ടായ ഉരസലുകളില്‍ രാഷ്ട്രീയം കുത്തിത്തിരുകാന്‍ നടത്തുന്നശ്രമം, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്നെ ഭാഗത്തു നിന്നായാല്‍പോലും അപലപനീയമാണ്.

    ReplyDelete