Sunday, December 25, 2011

5 സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതിയായി; പിറവമില്ല

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍ , ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. യുപിയില്‍ ഏഴ് ഘട്ടമായി ഫെബ്രുവരിയിലും മണിപ്പുരില്‍ ജനുവരി 28നും പഞ്ചാബിലും ഉത്തരാഖണ്ഡിലും ജനുവരി 30നും ഗോവയില്‍മാര്‍ച്ച് മൂന്നിനുമാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് നാലിനാണ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ .

അതേസമയം, കോണ്‍ഗ്രസും സഖ്യകക്ഷികളും പ്രതിസന്ധി നേരിടുന്ന കേരളത്തിലെ പിറവത്തെയും ആന്ധ്രപ്രദേശിലെ ഏഴുമണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയവും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും കാരണം യുഡിഎഫ് പ്രതിസന്ധിയിലായ കേരളത്തിലും തെലങ്കാന വിഷയത്തില്‍ നട്ടംതിരിയുന്ന ആന്ധ്രയിലും കോണ്‍ഗ്രസിനെ സഹായിക്കാനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണ്. സിറ്റിങ് സീറ്റാണെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പിറവത്ത് ജയിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്ന സൂചനയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് സംഭവിച്ച പാളിച്ചകള്‍ സജീവ ചര്‍ച്ചയായി നില്‍ക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പരമാവധി വൈകിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ആന്ധ്രയിലും കോണ്‍ഗ്രസിന്റെ സ്ഥിതി മോശമാണ്. തെലങ്കാന മേഖലയിലെ കോണ്‍ഗ്രസ്, ടിഡിപി അംഗങ്ങള്‍ രാജിവച്ച സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. സിറ്റിങ് സീറ്റുകളടക്കം കോണ്‍ഗ്രസിന് നഷ്ടപ്പെടാനുള്ള സാഹചര്യമാണുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അടുപ്പം പരിഗണിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിയതിന് കാരണങ്ങള്‍ വ്യക്തമാണ്.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് ശനിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പിന്നീട് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നുമാണ് ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്തുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്യാതിരുന്നതെന്ന ചോദ്യം ഉയര്‍ന്നെങ്കിലും ഖുറേഷി മറുപടി നല്‍കിയില്ല. 403 നിയമസഭ സീറ്റുള്ള യുപിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി നാല്, എട്ട്, 11, 15, 19, 23, 28 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 60, രണ്ടാം ഘട്ടത്തില്‍ 55, മൂന്നാം ഘട്ടത്തില്‍ 59, നാലാം ഘട്ടത്തില്‍ 56, അഞ്ചാം ഘട്ടത്തില്‍ 56, ആറാം ഘട്ടത്തില്‍ 49, ഏഴാം ഘട്ടത്തില്‍ 68 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ . പഞ്ചാബില്‍ 117, ഉത്തരാഖണ്ഡില്‍ 70, മണിപ്പുരില്‍ 60, ഗോവയില്‍ 40 എന്നിങ്ങനെയാണ് മണ്ഡലങ്ങളുടെ എണ്ണം. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ശനിയാഴ്ചമുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

എം പ്രശാന്ത് deshabhimani 251211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയവും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും കാരണം യുഡിഎഫ് പ്രതിസന്ധിയിലായ കേരളത്തിലും തെലങ്കാന വിഷയത്തില്‍ നട്ടംതിരിയുന്ന ആന്ധ്രയിലും കോണ്‍ഗ്രസിനെ സഹായിക്കാനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണ്. സിറ്റിങ് സീറ്റാണെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പിറവത്ത് ജയിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്ന സൂചനയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് സംഭവിച്ച പാളിച്ചകള്‍ സജീവ ചര്‍ച്ചയായി നില്‍ക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പരമാവധി വൈകിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

    ReplyDelete